മലപ്പുറം: പ്രതിസന്ധികളെല്ലാം പുതിയ തുടക്കങ്ങൾക്കുള്ള ചവിട്ടുപടികളാണെന്ന് സ്വന്തം ജീവിതം കൊണ്ട് അടയാളപ്പെടുത്തുകയാണ് മലപ്പുറം സ്വദേശിയായ പ്രമുഖ സംരംഭകനും ബിസിനസ് മെന്ററുമായ സലീം പാവുത്തോടിക.
പ്രവാസത്തിന്റെ ചൂടിലും വിപണിയുടെ ചാഞ്ചാട്ടങ്ങളിലും പതറാതെ മുന്നേറിയ ഈ ബിസിനസുകാരൻ, ഇന്ന് കേരളത്തിലെ ആയിരക്കണക്കിന് ചെറുകിട-ഇടത്തരം സംരംഭകർക്ക് (MSME) വഴികാട്ടിയായി മാറിയിരിക്കുകയാണ്.
1972-ൽ അബ്ദുറഹ്മാൻ നഗർ പഞ്ചായത്തിലെ കക്കാടംപുറത്ത് പാവുത്തോടിക മുഹമ്മദ് – കണ്ടംചിറ ഇത്തിക്കുട്ടി ദമ്പതികളുടെ മകനായാണ് ജനനം. കക്കാടംപുറം ഗവ. യു.പി സ്കൂളിലും കുറ്റൂർ നോർത്ത് കെ.എം.എച്ച്.എസ്.എസിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം, ചെറുപ്പത്തിലേ ജീവിതത്തിന്റെ പ്രായോഗിക പാഠങ്ങളിലേക്ക് ചുവടുവെച്ചു.
1992 മുതൽ 1999 വരെയുള്ള കാലഘട്ടത്തിൽ സൗദി അറേബ്യയിലെ ദമ്മാമിൽ പ്രമുഖ ഷിപ്പിംഗ് ക്ലിയറൻസ് കമ്പനിയിൽ ഫീൽഡ് ഓഫീസറായി പ്രവർത്തിച്ചതാണ് ജീവിതത്തിൽ വഴിത്തിരിവായത്. അന്താരാഷ്ട്ര വിപണിയുടെ ഗതിവിഗതികളും മാനേജ്മെന്റ് തന്ത്രങ്ങളും അദ്ദേഹം ഹൃദിസ്ഥമാക്കിയത് ഈ ഏഴ് വർഷത്തെ പ്രവാസജീവിതത്തിലൂടെയായിരുന്നു.
1999-ൽ നാട്ടിൽ തിരിച്ചെത്തിയതോടെ സംരംഭകത്വത്തിന്റെ പുതിയ അധ്യായം തുറന്നു. ഡിസ്ട്രിബ്യൂഷൻ രംഗത്ത് തുടങ്ങിയ ബിസിനസ് പിന്നീട് ഹോം സർവീസ്, പരസ്യ-ബ്രാൻഡിംഗ് മേഖലകളിലേക്ക് വ്യാപിപ്പിച്ചു. ബ്രാൻഡിംഗിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി മറ്റ് സംരംഭങ്ങൾ പങ്കാളികൾക്ക് കൈമാറിയ അദ്ദേഹം, മലബാറിലെ നിരവധി പ്രമുഖ സ്ഥാപനങ്ങളെ മുൻനിര ബ്രാൻഡുകളാക്കി മാറ്റുന്നതിൽ നിർണായക പങ്ക് വഹിച്ചു.
2016-ലെ നോട്ട് നിരോധനവും കോവിഡ് മഹാമാരിയും പരമ്പരാഗത പരസ്യമേഖലയെ ഉലച്ചപ്പോഴും, ഡിജിറ്റൽ ബ്രാൻഡിംഗിലേക്കും ഓൺലൈൻ സ്ട്രാറ്റജികളിലേക്കും വേഗത്തിൽ ചുവടുമാറ്റി അദ്ദേഹം വിപണിയിൽ കരുത്ത് തെളിയിച്ചു.
സ്വന്തം അനുഭവങ്ങളിൽ നിന്നും ചെറുകിട വ്യാപാരികളുടെ തകർച്ചകളിൽ നിന്നും പാഠമുൾക്കൊണ്ടാണ് 2014-ൽ ‘എസ്.എം.ഇ ക്ലബ്ബിന്’ (SME Club) രൂപം നൽകുന്നത്. 2017-ൽ സംസ്ഥാന വ്യാപകമാക്കിയ ഈ സംരംഭക കൂട്ടായ്മ, കോവിഡിന് ശേഷം വൻ മുന്നേറ്റമാണ് കാഴ്ചവെച്ചത്.
കഴിഞ്ഞ വർഷം 12 ചാപ്റ്ററുകൾ മാത്രമുണ്ടായിരുന്ന ക്ലബ്ബ്, നിലവിൽ നൂറോളം ചാപ്റ്ററുകളുമായി പതിനായിരക്കണക്കിന് വ്യാപാരികൾക്ക് ബിസിനസ് നെറ്റ്വർക്കിംഗും ലീഡർഷിപ്പ് പരിശീലനങ്ങളും നൽകി മുന്നേറുന്നു.
നിലവിൽ എസ്.എം.ഇ ക്ലബ് സംസ്ഥാന കോർഡിനേറ്റർ, നവോദയ ട്രസ്റ്റ് സെക്രട്ടറി, കേരള അഡ്വർടൈസിങ് ഏജൻസീസ് അസോസിയേഷൻ (K3A) കോഴിക്കോട് സോൺ പ്രസിഡന്റ് എന്നീ പദവികൾ വഹിക്കുന്ന സലീം പാവുത്തോടിക, വലിയൊരു ലക്ഷ്യത്തിലേക്കാണ് കണ്ണുവെക്കുന്നത്.
2030-ഓടെ ഇന്ത്യയിലുടനീളം 1,000 ചാപ്റ്ററുകൾ സ്ഥാപിക്കുക, 1,000 വിജയിച്ച സംരംഭകരെ വാർത്തെടുക്കുക, അതിൽ 100 സംരംഭങ്ങളെ 100 കോടി വാല്യൂ ഉള്ള കമ്പനികളാക്കി മാറ്റുക എന്നതാണ് ‘വിഷൻ 2030’ മുന്നോട്ടുവെക്കുന്നത്.
നവസംരംഭകർക്ക് കൃത്യമായ ഉപദേശങ്ങളും അദ്ദേഹം നൽകുന്നുണ്ട്: “തുടക്കത്തിലേ ട്രേഡ്മാർക്കും വെബ്സൈറ്റ് ഡൊമെയ്നും ഉറപ്പാക്കുക, ലോഞ്ചിങ്ങിന് മുൻപേ സോഷ്യൽ മീഡിയ പ്രൊമോഷൻ ആരംഭിക്കുക, ഒരിക്കലും ലോൺ എടുത്തോ വലിയ പലിശക്ക് കടം വാങ്ങിയോ ബിസിനസ് തുടങ്ങാതെ സർക്കാർ ഗ്രാന്റുകളും ഏഞ്ചൽ ഫണ്ടുകളും പ്രയോജനപ്പെടുത്തുക, ഒപ്പം എസ്.എം.ഇ ക്ലബ്ബ് പോലുള്ള കൂട്ടായ്മകളുടെ ഭാഗമായി ബിസിനസ് പരിചയമുള്ളവരുമായി ചേർന്ന് കാര്യങ്ങൾ അന്വേഷിച്ച് അറിഞ്ഞു തുടക്കത്തിൽ വരാവുന്ന അനാവശ്യച്ചെലവുകൾ ഒഴിവാക്കുക.”
അധ്യാപികയായ ഹഫ്സ മറിയമാണ് ഭാര്യ. നാല് മക്കളടങ്ങുന്നതാണ് കുടുംബം. സ്വന്തം വളർച്ചയ്ക്കൊപ്പം ഒരു സമൂഹത്തെയാകെ സംരംഭകത്വത്തിലേക്ക് കൈപിടിച്ചുയർത്തുന്ന സലീം പാവുത്തോടികയുടെ യാത്ര പുതിയ തലമുറയ്ക്ക് വലിയൊരു പ്രചോദനമാണ്.






